വില്യം ഷേക്‌സ്പിയര്‍ (1564-1616)
വിശ്വവിഖ്യാതനായ നാടകകൃത്തും കവിയും. 1564 ഏപ്രില്‍ 23-ന് ഇംഗ്ലണ്ടിലെ ആവണ്‍ നദീതീരത്തുള്ള സ്ട്രാറ്റ്ഫഡില്‍ ജനിച്ചു. കമ്പിളിക്കച്ചവടക്കാരനായിരുന്ന ജോണ്‍ ഷേക്‌സ്പിയറുടെയും മേരിയുടെയും മൂന്നാമത്തെ പുത്രനായിരുന്നു. പ്രാഥമികവിദ്യാഭ്യാസം മാത്രം നേടി ലണ്ടനിലെത്തി നാടകശാലകളില്‍ ചെറിയ ജോലികളില്‍ പ്രവേശിച്ചു. കാലക്രമേണ നടന്‍, മാനേജര്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായി. ബെന്‍ ജോണ്‍സണ്‍, ക്രിസ്റ്റഫര്‍ മാര്‍ലോ എന്നിവരുടെ സമകാലികന്‍. പതിമൂന്ന് ശുഭാന്തങ്ങളും പത്ത് ദുരന്തങ്ങളും പത്ത് ചരിത്രനാടകങ്ങളും നാല് ദുരന്തശുഭാന്തങ്ങളുമടക്കം 37 നാടകങ്ങളും 154 ഗീതകങ്ങളും വീനസും അഡോണിസും, ലുക്രീസിന്റെ ബലാത്സംഗം എന്നീ ഖണ്ഡകാവ്യങ്ങളും കുറെ ലഘുഭാവഗീതികളും രചിച്ചു. 1613 ജൂണില്‍ പുറത്തുവന്ന ഹെന്റി എട്ടാമന്‍ അവസാന നാടകമായി കണക്കാക്കുന്നു. മക്‌ബെത്, ഒഥെല്ലോ, കിങ്‌ലിയര്‍, ഹാംലെറ്റ്, ജൂലിയസ് സീസര്‍, ആന്റണിയും ക്ലിയോപാട്രയും, റോമിയോയും ജൂലിയറ്റും, ടെംപസ്റ്റ്, വെനീസിലെ വ്യാപാരി എന്നിവ രചനകളില്‍ അതിപ്രശസ്തം. 1616 ഏപ്രില്‍ 23-ന് ലണ്ടനില്‍ അന്തരിച്ചു.